view

ചരിത്രത്തില്‍ നിന്നും….

സുഗുണന്‍ രാജാവ് അലാറം സ്നൂസ് ചെയ്തിട്ടു ഒന്നു കൂടി ചരിഞ്ഞു കിടന്നു. മണി എട്ടായിരിക്കുന്നു. പണ്ട് വെളുപ്പിന് നാല് മണിക്കു എഴുന്നേറ്റ് ജിമ്മടിക്കാന്‍ പോയിരുന്ന ആളാണ്. ഇപ്പൊ തീരെ വയ്യ. കണ്ട അവന്മാരോടൊക്കെ പോയി യുദ്ധം ചെയ്ത് ആമ്പിയര്‍ ഒക്കെ പോയിരിക്കുന്നു. വാള്‍ തൂക്കി നടക്കാന്‍ വയ്യാത്തതിനാല്‍ ഇപ്പോള്‍ ഒരു ചെറിയ പിസ്റ്റളും കൊണ്ടാണ് നടപ്പ്.

‘മഹാ രാജാവേയ്… മഹാ രാജാവേയ്…’

‘ആരടേയ് ഈ കൊച്ച് വെളുപ്പാന്‍ കാലത്ത്…’

‘മന്ത്രി അടിയന്‍ ആണേയ്…’

സന്തോഷമായി.. ഇന്നത്തെ ദിവസം തികച്ചും ഐശ്വര്യപൂര്‍ണവും സന്തോഷകരവും ആയിരിക്കും. അലവലാതി മന്ത്രി ആണ് കണി. അതും കിടക്കപായയില്‍.

‘എന്താണ് മന്തി പുംഗവാ ഇത്രയും അര്‍ജന്റ് വിഷയം? കൊട്ടാരത്തില്‍ ആരെങ്കിലും ബോംബ് വെച്ചോ? അതോ കുമാരനെ ആരെങ്കിലും തട്ടി കൊണ്ട് പോയോ?’

‘നിര്‍ത്തി രാജാവേ നിര്‍ത്തി.. ഞാന്‍ ഈ പണി വിടുകാണ്…’

‘അങ്ങനെ പറയരുത് മന്ത്രീ.. ഈ രാജ്യത്ത് പത്തു ജയിച്ച മറ്റൊരാളുണ്ടായിരുന്നെങ്കില്‍ ഞാന്‍ എന്നേ പറഞ്ഞ് വിട്ടേനെയ്.. താങ്കളെ.. താങ്കളുടെ ബുദ്ധി ഒന്നു മാത്രമാണല്ലോ എന്നെ ഈ വഴിക്ക് ആക്കിയത്..ഇന്നോവേഷനാണ് പോലും ഇന്നോവേഷന്‍.. ഒരു അശ്വമേധം നടത്തിയതിന്റെ ഹാങ് ഓവര്‍ ഇതു വരെ മാറിയിട്ടില്ല. കുതിരയെ വിടുന്നത് ഔട്ട് ഓഫ് ഫാഷന്‍ ആണെന്നു പറഞ്ഞ് അശ്വമേധത്തിനു കാളയെ വിട്ടത് താങ്കള്‍.. എന്നിട്ട് കരമന രാജാവ് അതിനെ വെട്ടീ ബീഫ് ഫ്രൈ ഉണ്ടാക്കി കൊടുത്ത് വിട്ടില്ലേ…’

‘അന്നു എട്ട് പൊറോട്ടയാണ് ഒറ്റയിരിപ്പിന് രാജന്‍ അകത്തോട്ട് ചെലുത്തിയത്, ആ ബീഫ് ഫ്രൈയും കൂട്ടി.. മഹാരാജാവ് അത് മറന്നു..’

‘കുമാരിയുടെ സ്വയംവരത്തിന്റെ കാര്യം കൂടി ഞാന്‍ ഇവിടെ പറയണോ മന്ത്രീ. സ്വയം വരത്തിന് പകരം ഓണ്‍ലൈന്‍ ബുദ്ധി പരീക്ഷ നടത്താമെന്നു പറഞ്ഞപ്പോള്‍ സമ്മതിച്ച ഞാന്‍ മണ്ടന്‍. ഉത്തരങ്ങള്‍ ഹാക്ക് ചെയ്തെടുത്ത ഒരു പിച്ചക്കാരന്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ കൊണ്ട് പോയില്ലേ എന്റെ കുമാരിയെ.’

‘രാജന്‍, ശവത്തില്‍ കുത്തരുത്..’

‘എല്ലാ നാട്ടുരാജ്യങ്ങളിലും സോഫ്റ്റ്വെയര്‍ കമ്പനികള്‍ തുടങ്ങാമെന്ന ഐഡിയ ഇട്ടത് താങ്കള്‍.. അന്നു പകരം അണ്ടിയാപ്പീസുകള്‍ തുടങ്ങിയത് കൊണ്ട് ഇന്നു കാഷ്യൂ കയറ്റി അയച്ച് വെള്ളം കുടിച്ച് ജീവിക്കുന്നു..എങ്കിലും പറയൂ.. എന്താണ് ഈ നേമം മഹാരാജ്യത്തെ മഹാമന്ത്രിയെ അലട്ടുന്ന വിഷയം?’

‘രാജന്‍, അങ്ങയുടെ ഏറ്റവും ഇളയ പ്രോജക്‍റ്റ് ആണ് അടിയന്റെ തല വേദനയ്ക്ക് കാരണം… കുമാരന്റെ പള്ളി കീടമടി കാരണം അടിയന്‍ പൊറുതി മുട്ടിയിരിക്കുകയാണ്.. പാപ്പനംകോട് നാട്ടു രാജ്യത്തില്‍ നിന്നും കപ്പം പിരിച്ചത് അപ്പാടെയാണ് ഇന്നലെ കീര്‍ത്തി ബാറില്‍ കൊടുത്ത് തീര്‍ത്തത്. ‘

‘എന്നിട്ട് എവിടെ എന്റെ പൊന്നോമന കുമാരന്‍?’

‘ഷിബു കുമാരന്‍ അവിടെ പള്ളിവാള്‍ വെച്ച് തളര്‍ന്ന് കിടക്കുകയാണ്. കുമാരന്‍ വലിയ ഒരു രാജകുമാരനാണെന്നു അടിച്ച റമ്മിനറിയില്ലല്ലോ… ‘

‘വാള്‍ പിടിക്കേണ്ട പ്രായത്തില്‍ വാള്‍ വെച്ചു കിടക്കാനാണല്ലോ എന്റെ പുന്നാര രാജ മോന്റെ വിധി. .എന്താണ്.. എന്താണ് മന്ത്രീ ഇതിനൊക്കെ കാരണം.. പറയൂ..’

‘വളര്‍ത്ത് ദോഷം.. അല്ലാതെന്താ…രാജകുമാരന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ച് കൊടുത്തില്ലേ.. ഇം‌പോര്‍ട്ടഡ് കുതിരയെ വേണമെന്നു പറഞ്ഞപ്പോള്‍ അത്. അതിന് എണ്ണയടിക്കാന്‍, അല്ല മുതിരയും മില്‍ക്ക് ഷേയ്ക്കും വാങ്ങിക്കാന്‍ തന്നെ വേണം ലക്ഷങ്ങള്‍… രാജഗുരു പ്രവചിച്ചിരിക്കുന്നത് അറിയാമല്ലൊ.. കുറച്ച് നാള്‍ കഴിയുമ്പോള്‍ ആഗോളമാന്ദ്യം കാരണം ലോകാവസാനം ഉണ്ടാവുമെന്നാണ്. ഇപ്പോഴേയ് അറിഞ്ഞും കണ്ടും ജീവിച്ചാല്‍ കൊള്ളാം.’

‘കൊട്ടാരം ചെലവില്‍ എക്കണോമിക്സില്‍ ഡോക്ടറേറ്റ് വാങ്ങി കൊടുത്തത്, ഇപ്പോ എനിക്ക് തന്നെ കുരിശ് ആവുമല്ലോ ദൈവമേ.. കൊടും തപസ്സിനെന്നു പറഞ്ഞു കാട്ടില്‍ പോയി കൊതുക് കടി കൊണ്ട് ചിക്കന്‍ ഗുനിയ പിടിച്ച് അകത്ത് കിടപ്പുണ്ടല്ലോ നമ്മുടെ ഗുരു. മന്ത്രീ വെറുതെ ഓഫ് ടോപ്പിക്ക് പറഞ്ഞു കാട് കയറേണ്ട കം റ്റു ദ പോയിന്റ്. ഒരു പോംവഴി ഉപദേശിച്ച് തരൂ.’

‘അടിയന്റെ പൊട്ടബുദ്ധിയില്‍ ഒരു ഉപായം തോന്നുന്നുണ്ട്.’

‘ഏതായാലും എന്റെ കൈ വാക്കില്‍ നിന്നും മാറി നിന്നു ബുദ്ധി ഉപദേശിക്കൂ.. മഹാമന്ത്രീ’

‘രാജകുമാരന്‍ ഏതായാലും ശീലങ്ങള്‍ നിര്‍ത്താന്‍ പോകുന്നില്ല. അടിച്ച വഴിയേ പോയില്ലെങ്കില്‍ പോയ വഴിയേ അടിക്കുന്നതല്ലെ നല്ലത്. കീര്‍ത്തി ബാറില്‍ കൊടുക്കുന്നത് എന്ത് കൊണ്ട് നമ്മുടെ ഖജനാവിലേക്ക് പൊയ്കൂടാ…’

‘ഒന്നും മനസിലായില്ലാ……..’

‘ഒരു ഫുള്‍ സോമരസം റം വാറ്റിയെടുക്കാന്‍ ആകെ വേണ്ടത് രണ്ട് വെള്ളിക്കാശ്.. കീര്‍ത്തി ബാറില്‍ വാങ്ങുന്നത് 20 പൊന്‍ പണം. കൊട്ടാരം വൈദ്യന്‍ ആണെങ്കിലോ ഇപ്പോ വേറെ പണി ഒന്നുമില്ല താനും. കുമാരന് അടിക്കാനുള്ള സെറ്റപ് നമുക്ക് കൊട്ടാരത്തില്‍ തന്നെ അങ്ങ് ഒരുക്കി കൊടുത്ത് കൂടെ? മഹാരാജനും ഇടക്കിടെ തലയില്‍ മുണ്ട് ഇട്ട് ഇറങ്ങേണ്ട ആവശ്യം വരില്ല.. ഏത്??’

‘മന്ത്രീ… മഹാമന്ത്രീ… യൂ ആര്‍ ആവ്സം മാന്‍.. യൂ റോക്ക്.’

———————————-

ഇത് ചരിത്രം.. വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി.. ഷിബു രാജകുമാരനും സുഗുണന്‍ രാജാവിനും മാത്രമായി തുറന്ന ഈ സംവിധാനം അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കായി തുറന്നു കൊടുത്തു. രാജഭരണം മാറി ജനാധിപത്യം വന്നു. പലയിടത്തും ശാഖകള്‍ തുറന്നു. പേര് മാറി, ബീവറേജസ് കോര്‍പറേഷന്‍ എന്നായി. കേരളത്തില്‍ എല്ലാവരും സ്നേഹത്തോടെയും ഒത്തൊരുമയോടും ക്യൂവില്‍ നില്‍ക്കുന്ന ഒരെ ഒരു സ്ഥലം. പരസ്പരം കണ്ടാല്‍ കടിച്ച് കീറുന്നവര്‍ ഒരമ്മ പെറ്റ മക്കളെ പോലെ ക്യൂവില്‍ നിന്നു. കമ്യൂണിസ്റ്റുകാരനും കോണ്‍ഗ്രസുകാരനും ഷെയര്‍ ഇട്ട് പൈന്റ് വാങ്ങിച്ചു.

സുഗുണന്‍ രാജാവിന്റേയും സോമന്‍ മന്ത്രിയുടെയും ഭരണനേട്ടങ്ങള്‍ വിസ്മരിക്കപ്പെട്ടു. എല്ലാ ബീവറേജസ്സിനു മുന്നിലും സുഗുണന്‍ രാജാവിന്റെ അര്‍ദ്ധകായ പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യം, ആവശ്യമായി തന്നെ നില നില്‍ക്കുന്നു. ഇനി അടുത്ത തവണയെങ്കിലും, നിങ്ങള്‍ ബീവറേജസ്സില്‍ നിങ്ങളുടെ ഊഴവും കാത്ത് നില്‍ക്കുമ്പോള്‍ സുഗുണന്‍ രാജാവിന്റെ ആത്മ ശാന്തിക്കായി രണ്ട് നിമിഷം മൗനം പാലിക്കുക, ആ ഭരണനിപുണന്റെ ആത്മാവ് സ്വര്‍ഗത്തില്‍ നിത്യ ശാന്തി കൊള്ളട്ടെ.

Posted on: 14-12-2012 - 03:50 AM - by Chief Editor

Quick Links

vkn_small

Famous Personalities

Have a look at the profiles of these great personalities who MADE US feel and proud to our Pampady Desam.

Read More
thalappoli_smallimg

Festivals

Pampady Desam have traditionally preservers the art and culture of this land. Whether it is religious or social, traditional or modern, a festival here never complete without an art event.

Read More
map_img

Directory

what ever you need..shops, auto rikshaw, taxi, stay..all you get from here..

Read More
help_a_life

Help a life

Let us live as a guardian for the childrens who lives in Thannal Balasramam and Vilwadri Balasramam.

Read More
click Ad
Kodikoora pamapady desam
Download Close brochure-download-pampady-2019