view

ബാംഗളൂര്‍ – യുദ്ധകാണ്ഡം

2003 ഒക്ടോബറിലെ മഞ്ഞുള്ള ഒരു നനുത്ത പ്രഭാതം. ഐലന്‍ഡ് എക്സ്പ്രസ് കൂകി വിളിച്ച് കൊണ്ട് സ്റ്റേഷനിലേക്ക് കയറി.. അതിനകത്ത് പന്തം കണ്ട പെരുച്ചാഴികളെ പോലെ ഞങ്ങള്‍ മൂന്ന് പേര്‍.. സ്വന്തമായി ഒരു ജോലി ഇല്ലാത്തവര്‍, എന്‍ജിനീയറിങ്ങിന് മാന്യമായ് പെര്‍സന്റേജ് മാര്‍ക്ക് വാങ്ങാത്തവര്‍, ഒരിക്കലും ഗുണം പിടിക്കില്ലെന്ന് അദ്ധ്യാപകര്‍ സ്നേഹവായ്പ്പോടെ മുന്നറിയിപ്പ് നല്‍കിയവര്‍.. 3-4 മാസം വീട്ടില്‍ നിന്നും കള്ളച്ചോറ് തിന്നിട്ടും പണിയൊന്നും കിട്ടാതെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പണിയുണ്ടാക്കി മടുത്തപ്പോള്‍ തോന്നിയ ചുവട് മാറ്റം.. കുറച്ച് നാള്‍ ഇവിടെ തന്നെ സെറ്റില്‍ ആവാനുള്ള സെറ്റപ്പുകള്‍ ബാഗിലുണ്ടായിരുന്നു, ഉമിക്കരി, തെങ്ങിന്റെ ഈര്‍ക്കില്‍, തോര്‍ത്തുകള്‍, വെളിച്ചെണ്ണ, പൊടിച്ചമ്മന്തി, ചെറിയ പേനാക്കത്തി… ഒന്നു ഒന്നര കിലോ തൂങ്ങുന്ന എന്‍ജിനീയറിങ് മാര്‍ക് ലിസ്റ്റുകള്‍ പ്രത്യേക ബാഗില്‍..പിന്നെ ഒരായിരം വര്‍ണസ്വപ്നങ്ങളും.. ജോലി ഒന്നും കിട്ടിയില്ലെങ്കില്‍ കൂടി അഞ്ചാറ് മാസം ഇവിടെ നിന്നു ബാംഗളൂര് ഫിഗറുകളെ എങ്കിലും കാണാം എന്ന നിഗൂഢ ലക് ഷ്യവും ഈ കുറ്റിയും പറിച്ചുള്ള യാത്രക്ക് പിന്നില്‍ ഉണ്ടായിരുന്നു. ഡൊംലൂരില്‍ ഉള്ള ഒരു സുഹൃത്തിന്റെ വീട് ആണ് ഉന്നം.. അവന്‍ അവിടെ IBM ല്‍ ആണ് പണി. എങ്ങനെയെങ്കിലും അവിടെ തട്ടിയും മുട്ടിയും കഴിയുക, ചവിട്ടി പുറത്താക്കുകയാണെങ്കില്‍ വല്ല പേയിംഗ് ഗസ്റ്റ് ആയും കയറുക.

അങ്ങനെ ഡൊംലൂര്‍ ഡയമണ്ട് ഡിസ്ട്രിക്ടിനടുത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ താല്‍ക്കാലിക വാസം ആരംഭിച്ചു. എന്നും രാവിലെ ചുമ്മാ നടക്കാനിറങ്ങും, വലിയ IT കെട്ടിടങ്ങള്‍ കാണുമ്പോള്‍ വായും പൊളിച്ച് നോക്കി നിക്കും.. വായില്‍ പൊടി രുചിക്കുമ്പോള്‍ പിന്നും നടക്കും.. വയറ്റില്‍ നിന്നും വിസിലടി കേല്‍ക്കുമ്പോള്‍ തൊട്ടടുത്ത ഹോട്ടലില്‍ കയറും.. ബയോഡാറ്റ കമ്പനികളിലെ സെക്യൂരിറ്റിക്കാര്‍ക്ക് കൊടുക്കും.. അവര്‍ അത് കൊടുത്ത് കപ്പലണ്ടി വാങ്ങും. കഴുത്തില്‍ ടാഗ് കെട്ടിയവന്മാര്‍ പുച്ഛത്തോടെ നോക്കും.. പിസാ ഹട്ടിന്റെ മുന്‍പില്‍ നിന്നും വെള്ളമിറക്കിയിട്ട് മുന്നിലുള്ള കടയില്‍ നിന്നും ഉണ്ടന്‍ പൊരി വാങ്ങി കഴിച്ചു. ഇന്‍ഫിനിറ്റിയില്‍ ഓടുന്ന ഒരു ലൂപ് പോലെ ഞങ്ങള്‍ ലക് ഷ്യബോധമില്ലാതെ ബാംഗളൂര്‍ തെരുവീഥികളിലൂടെ അലഞ്ഞ് നടന്നു. ഈ സൈക്കിള്‍ ഒരു മാസം ഇത് പോലെ തന്നെ ഓടി, ഓണ്‍സൈറ്റ് പോയിരുന്ന സുഹൃത്തിന്റെ റൂം മേറ്റ്സ് തിരിച്ച് വരുന്നത് വരെ.. ഇനി വല്ല പേയിംഗ് ഗസ്റ്റും ആവണം.. വല്ലവന്റേയും വീട്ടില്‍ ഹോംലി ഫുഡും കഴിച്ച് അവന്റെ ഡൈനിംഗ് റൂമിലെ സോഫായില്‍ ടി വിയും കണ്ട് ഇരിക്കുന്നതാണ് പേയിംഗ് ഗസ്റ്റ് സെറ്റപ് എന്ന മുന്‍ ധാരണ പൂരത്തിന് വെച്ച ഗുണ്ട് പോലെ പൊട്ടിത്തകര്‍ന്നു.. ഇതൊക്കെ 3 സ്റ്റാര്‍ ആണെങ്കില്‍ ആറ്റിങ്ങല്‍ ഗായത്രി ലോഡ്ജ് 18 സ്റ്റാര്‍ ആണ്.

അങ്ങനെ ഞങ്ങള്‍ എത്തപ്പെട്ടൂ, ഞങ്ങളുടെ തൊഴിലിനായുള്ള പോരാട്ടത്തിന്റെ അങ്കത്തട്ട് ആയി മാറിയ S G പാളയത്തിന്റെ വിരിമാറിലേക്ക്… ബാംഗളൂരില്‍ ഒരു ജോലി കിട്ടാന്‍ അറിഞ്ഞിരിക്കേണ്ട കുതികാല്‍വെട്ട്, ഫ്രാഡ് കളി, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കലാപരിപാടികളുടെയൊക്കെ കിന്റര്‍ ഗാര്‍ട്ടന്‍ ആയ ലോറേല്‍ ഹോംസിലേക്ക്, പേയിംഗ് ഗസ്റ്റ് എന്ന പേരില്‍. ഞങ്ങള്‍ മൂന്നു പേരും ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടത് അവിടത്തെ ഏറ്റവും കൂടിയ മുറി, 3 ബെഡ്, ബാല്‍ക്കണി, അറ്റാച്ചഡ് ബാത് റൂം എന്നിവയുള്ളത്.. അച്ഛന്‍ പെന്‍ഷന്‍ പറ്റിയപ്പോള്‍ കിട്ടിയ കാശിന്റെ കുറച്ച് ഭാഗം എന്റെ പേരില്‍ ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ കിടക്കുന്നത് കാരണം – റെന്റ് നോ ബാര്‍ – വാടക ഒരു പ്രശ്നമേ അല്ല. മൂന്ന് നേരം അണ്‍ലിമിറ്റഡ് ഭക്ഷണം ഫ്രീ, ഫുള്‍ ടൈം ടിവി, തൊട്ടടുത്ത് ക്രൈസ്റ്റ് കോളേജിലെ പെണ്‍കൊടികള്‍ താമസം.. എല്ലാം കൊണ്ടും സ്വസ്ഥജീവിതം. ഒരു ജോലി മാത്രം ഇല്ല.

കോഴിവസന്ത പിടിച്ച പോലെ തൂങ്ങി തൂങ്ങി ദിവസം കഴിച്ച് നീക്കുന്ന ഞങ്ങള്‍ ഊര്‍ജസ്വലരായി മാറുന്നത് മെസ്സ് തുറക്കുന്ന ആ മൂന്ന് നേരങ്ങളില്‍ ആയിരുന്നു. ആന്ധ്രയില്‍ ജനിച്ച് വളര്‍ന്നവന്മാര്‍ പോലും എന്തൊരു എരിവ് എന്നു പറഞ്ഞ് മാറ്റി വെക്കുന്ന കറികള്‍ ഒക്കെ ചോറില്‍ ഒഴിച്ച് കുഴച്ച് ഷോട്ട് പുട്ട് സൈസില്‍ ഉരുളയാക്കി അടിച്ച് വിട്ട് ഒരു ഏമ്പക്കവും വിട്ട് ഇനിയൊന്നും ഇല്ലേഡേയ് എന്നമട്ടില്‍ ഞങ്ങള്‍ ഇരിക്കും.. ഒരു മണിക്ക് മാനേജര്‍ ലാലു റെഡ്ഡി പുറത്തിറങ്ങുമ്പോള്‍ ഞങ്ങള്‍ പ്ലേറ്റുമായി ഹാജര്‍. പിന്നെ മൂന്ന് മണിക്ക് മെസ്സ് അടക്കാന്‍ വരുമ്പോഴും ഞങ്ങള്‍ അവിടെതന്നെ.. ഞങ്ങള്‍ അവിടെ ജോയിന്‍ ചെയ്തതിനു ശേഷം മെസ്സിലെ പെര്‍ ക്യാപിറ്റ അരിയുടെ ഉപഭോഗത്തില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടായതായി റെഡ്ഡിയുടെ ഒരു സഹചാരി വഴി അറിയാനിടയായി. റെഡ്ഡി ഒരു തരള ഹൃദയന്‍ അല്ലായിരുന്നെങ്കില്‍ ആദ്യത്തെ ആഴ്ച്ച തന്നെ ഞങ്ങളുടെ ചോറില്‍ ഫ്യൂഡറാന്‍ കലക്കി തന്നേനെയ്..

ശാപ്പാടടിയും ടി വി കാണലും ഒക്കെ മുറ പോലെ നടന്നു. നിര്‍ദോഷികളായ തെലുങ്കന്മാരെ പിടിച്ചിരുത്തി മലയാളം കോമഡി സിനിമകള്‍ കാണിക്കുന്നത് ഞങ്ങളുടെ ഹോബി ആയി മാറി. ജോലി തപ്പല്‍ മാത്രം ഒന്നും നടക്കുന്നില്ല. ഫെഡറല്‍ ബാങ്ക് അക്കൗണ്ട് കാറ്റ് പോയ ബലൂണ്‍ പോലെ ചെറിയ സൈസ് ആയി വന്നു.. അങ്ങനെയിരിക്കെ എന്റെ അരകിലോ തൂക്കം വരുന്ന അല്‍കാടെല്‍ മൊബൈലില്‍ നിന്നും ഉള്ള അതിപുരാതന റിംഗ് ടോണ്‍.. ഒരു ബാംഗളൂര്‍ നമ്പര്‍.. ആദ്യമായി വന്ന ഒരു കാള്‍ ആണ്.. ഒന്നിനും ഒരു കുറവും വരാന്‍ പാടില്ല.. ഞാന്‍ സ്വല്പം യു എസ് ആക്സന്റ് ഒക്കെ ഇട്ട് പറഞ്ഞു “യപ്.. അജിത് സ്പീക്കിംഗ്.. മേ ഐ നോ ഹൂ ഐ ആം”. അപ്പോള്‍ തന്നെ ഫോണ്‍ കട്ട് ആയി. എന്റെ ഇംഗ്ലീഷിലുള്ള അതീവ പാണ്ഡിത്യം കേട്ട് ഷോക്ക് ആയ മറുതല ഹാഫ് ഡേ ലീവ് എടുത്ത് വീട്ടില്‍ പോയിരിക്കണം.. ആ കമ്പനിക്കാര്‍ അത്യാവശ്യക്കാര്‍ ആയത് കരണം എന്നെ വീണ്ടും വിളിച്ചു. ഒരു കാള്‍ സെന്റര്‍ ഇന്റര്‍വ്യൂ ആണ്.. എന്റെ തോന്നക്കല്‍ മേജര്‍ സുബ്രമണ്യാ… കാത്തോളണെയ്.. അന്നു തന്നെ കുളിച്ച് ക്ഷേത്രത്തില്‍ പോയി. ഉടയ്ക്കാന്‍ തേങ്ങ വാങ്ങാനുള്ള കാശ് ഒന്നും ബഡ്ജറ്റില്‍ വകമാറ്റിയില്ലാത്തതിനാല്‍ തേങ്ങ ഉടയ്ക്കാന്‍ പോകുന്ന ഒരുത്തന്റെ സൈഡില്‍ പോയി നിന്നു തൊഴുതു, ഞങ്ങള്‍ ഷെയര്‍ ഇട്ടു വാങ്ങി അടിച്ചതാണെന്നു ദൈവം തെറ്റിദ്ധരികുന്നെങ്കില്‍.. ഇരിക്കട്ടെ..

പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ഇന്റര്‍വ്യൂ ഒരുക്കങ്ങള്‍ തുടങ്ങി. ഇംഗ്ലിഷ് അറിയാവുന്ന ഒരുത്തനെ കൊണ്ട് എഴുതിപ്പിച്ച സെല്‍ഫ് ഇന്റ്രോഡക്ഷന്‍ കാണാതെ പഠിച്ചു. ഷേവ് ചെയ്തിട്ട് ആഴ്ചകള്‍ ആയിരുന്നു.. പാപ്പനംകോഡ് ശ്രീരാഗത്തില്‍ സെക്കന്‍ഡ് ഷോയ്ക്ക് ആളിരിക്കുന്നത് പോലെ അങ്ങിങ്ങ് ഓരോ കുറ്റി രോമങ്ങള്‍… ഒരു മണിക്കൂറില്‍ എല്ലാം റെഡി ആയി. ബാംഗളൂര്‍ നഗരത്തില്‍ ഏതെങ്കിലും ബാറില്‍ ഇന്റര്‍വ്യൂ നടന്നാല്‍ പോലും ഇന്‍ഫോ കിട്ടുന്ന ഒരു വന്‍ നെറ്റ്വര്‍ക്കുള്ള ചങ്ങാതി അതാ ഫയലുമായി പോകുന്നു. ഇവനെ ഫോളോ ചെയ്ത് ഇന്റര്‍വ്യൂകള്‍ അറ്റന്‍ഡ് ചെയ്ത് പോരുന്ന വെറൊരു ടീമും പുറകെ ഉണ്ട്. ഉച്ച വരെ സമയം ഉള്ളതിനാല്‍ ഞാനും അവരോടൊപ്പം കൂടി. നടന്നു നടന്നു ഞങ്ങള്‍ കടിച്ചാല്‍ പൊട്ടാത്ത പേരുള്ള ഐ ടി കമ്പനിയുടെ ഗേറ്റില്‍ എത്തി. ഇന്ത്യയുടെ എല്ലാ ദിക്കില്‍ നിന്നും ഉള്ളവര്‍ ഉണ്ട്. എല്ലാവര്‍ക്കും പ്രശ്നം ഒന്ന്.. റേഷനരി വങ്ങാനായിട്ട് കാശുണ്ടാക്കാനായ് പോലും ഒരു പണി ഇല്ല.. നാനാത്വത്തില്‍ ഏകത്വം. ഗേറ്റില്‍ നിന്നും തന്നെ സംഭവം പിടി കിട്ടി, എക്സ്പീരിയന്‍സ് ഉള്ളവര്‍ മതി. ശത്രുവിന്റെ ശക്തി അനുസരിച്ച് അര്‍ജുനന്‍ തന്റെ ഗാണ്ഡീവത്തില്‍ നിന്നും അസ്ത്രം തിരഞ്ഞെടുക്കുന്ന ലാഘവത്തോടെ ഞാന്‍ ഫയലില്‍ നിന്നും എക്സ്പീരിയസ്ഡ് വേര്‍ഷന്‍ റെസ്യൂം എടുത്ത് സെക്യൂരിറ്റിക്ക് കാണിച്ച് കൊടുത്തു. സുഹൃത്തിന്റെ കമ്പനിയില്‍ കുറച്ച് നാള്‍ ഷട്ടര്‍ പൊക്കാനും ചായ വാങ്ങിക്കൊടുക്കാനുമൊക്കെ നിന്നതിനുള്ള പ്രതിഫലം. കഴിഞ്ഞില്ല, അകത്ത് മേശയൊക്കെ പിടിച്ചിട്ട് റെസ്യൂം സ്ക്രീനിംഗ് കമ്മിറ്റിക്കാര്‍.. റെസ്യൂം വാങ്ങി അതില്‍ ശശി ടെക്നോളജീസ് Pvt Ltd എന്നത് കണ്ട പാടെ വലിച്ച് കീറി ബക്കറ്റിലെറിഞ്ഞു. സാമദ്രോഹി, എന്റെ പ്രിന്റ് എടുത്ത 8 രൂപ, ക്ഷേത്രത്തിനു മുന്നിലെ ഒരു തേങ്ങയുടെ വില.

ഉത്തരത്തിലിരിക്കുന്നത് ഏതായാലും കിട്ടില്ല, ഇനി കക്ഷത്തിലിരിക്കുന്നതും കളയണ്ട എന്നു കരുതി ഫ്ലോറാ കാള്‍ സെന്റര്‍‍ ഇന്റര്‍ വ്യൂന് പോയി. അതാ അവിടെ റിസപ്ഷനില്‍ ഒരു അപ്സര സുന്ദരി.. ഞാന്‍ വീണ്ടും പ്രൊഫൈല്‍ മാറ്റി വീണ്ടും ഫ്രെഷര്‍ മോഡ് ആയി.. റെസ്യൂം വായിച്ച് സുന്ദരി മൊഴിഞ്ഞു, ‘ഓഹ് യൂ ആര്‍ അജിത് കൃഷ്ണനുണ്ണി?’ കിളി നാദം കേട്ട് എന്റെ മനസ് കുളിര്‍ന്നു, രോമകൂപങ്ങള്‍ വാഗാ ബോര്‍ഡറിലെ പട്ടാളക്കാരെ പോലെ എഴുന്നേറ്റ് നിന്ന് അറ്റന്‍ഷന്‍ ആയി നിന്നു. രാവിലെ റെസ്യൂം വാങ്ങി കീറി കളഞ്ഞവന്റെ പേരില്‍ ഒരു പുഷ്പാഞ്ജലി നടത്തണം.. സുഹൃത്തേയ് നീ എന്നെ അവിടെ സെലക്ട് ചെയ്തിരുന്നെങ്കില്‍ ഈ പുഷ്പ തപോവനത്തിലെ സ്കര്‍ട്ടും ടോപ്പും ഇട്ട മുനികുമാരിയെ കാണാനുള്ള അവസരം നഷ്ടമായേനേയ്.. നന്ദി ഒരായിരം നന്ദി. അവള്‍ ഒന്നു ചിരിച്ചു, ഞാന്‍ ഒന്നു ഞെട്ടി, കഴകൂട്ടം ബൈപാസിലെ മൈല്‍ കുറ്റികള്‍ പോലെ അകന്ന പല്ലുകള്‍ കമ്പി കെട്ടി അടുപ്പിക്കാനുള്ള ശ്രമം.. അത് അകലത്തില്‍ കെട്ടിയ മുല്ലപ്പൂ മാലയില്‍ വൈഢൂര്യകല്ലുകള്‍ പതിച്ച പോലെ എനിക്ക് തോന്നി.. പോട്ടെ ഒരു 6 മാസം കൊണ്ടു പല്ല് ശരി ആകുമായിരിക്കും. മനസിലെ LCD സ്ക്രീനില്‍ ഒരായിരം അവൈവ ഫോണുകള്‍, ഞങ്ങള്‍ മാറി മാറി കോളുകള്‍ അറ്റന്‍ഡ് ചെയ്യുന്നു, സംഗീതം നൃത്തം..

ഇനി ഇന്റര്‍ വ്യൂ, ദൈവമേ ട്രെയിലര്‍ ഇങ്ങനെയാണെങ്കില്‍ സിനിമ എങ്ങനെയായിരിക്കും.. ഞാന്‍ പ്രതീക്ഷയോടെ അകത്തേക്ക് കയറി. പക്ഷേ….. അകത്തിരിക്കുന്ന രൂപത്തെ കണ്ട് ഞാന്‍ ഒന്നു ഞെട്ടി. കരി ഓയിലില്‍ മുങ്ങിയ പോലെ ഒരു രൂപം, കറുത്ത ഷര്‍ട്ട്, കറുത്ത കോട്ട്, കറുത്ത ടൈ.. ടൈയില്‍ ഹീറോ പേനയുടെ അടപ്പ് കുത്തിയിരിക്കുന്നു. ഞാന്‍ തിരിഞ്ഞ് ഓടി രക്ഷപ്പെടാന്‍ ഒരു ശ്രമം നടത്തിയെങ്കിലും ‘പ്ലീസ് കമിന്‍’ എന്നു പറഞ്ഞ് അകത്തേക്ക് വിളിച്ചു.. ഞാന്‍ കസേരയില്‍ 50% മാത്രം വെച്ച് ആസനസ്ഥനായി.. വന്നതല്ലേ.. തലേന്നു കാണാതെ പഠിച്ച സെല്‍ഫ് ഇന്റ്രോഡക്ഷന്‍ തട്ടി വിട്ടു. ആദ്യമായി രണ്ട് മിനിട്ട് ഇംഗ്ലീഷ് പറഞ്ഞ ചാരിതാര്‍ത്ഥ്യത്തില്‍ ഞാന്‍ നിരങ്ങി കയറി 100% ആസനസ്ഥനായി. എന്റെ ഇംഗ്ലീഷിലെ അനര്‍ഗള നിര്‍ഗള വാഗ്വോദ്ധരണി കണ്ട് ഇപ്പോ തന്നെ അപ്പോയിന്മെന്റ് ലറ്റര്‍ അടിച്ച് തരുമെന്നു എനിക്ക് തോന്നി.. മനസില്‍ വീണ്ടും അവൈവ ഫോണുകള്‍, സ്കര്‍ട്ടിട്ട മുനികുമാരി, പാട്ട്, നൃത്തം..

ഇന്റര്‍ വ്യൂ നടത്തിയവന്‍ ഇന്ത്യാവിഷനിലെ ന്യൂസ് റീഡറെ പോലെ കൈ മുന്നോട്ട് വെച്ച് പറഞ്ഞു.

‘മച്ചൂ..’

തള്ളേ, ഇതാര് കളിയിക്കവിള ശെല്‍വണ്ണനാണോ.. അപ്പോ ജോലി ഉറപ്പ്.. മലയാളിയെന്ന സ്നേഹം.. മനസില്‍ വീണ്ടും അവൈവ.. ശെല്‍വണ്ണന്‍ തുടര്‍ന്നു:

‘ഈ നേമം ചന്തയില്‍ മീന്‍ കാരികള്‍ പറയണ ഫാഷകളില്‍ ഇംഗ്ലീഷുകള്‍ പറഞ്ഞാല്‍ സായിപ്പ് ചെല്ലക്കിളികള്‍ എന്റെ ആപ്പീസ് പൂട്ടും.’

എന്റെ മുഖം ഡിം അടിച്ച ഹെഡ് ലൈറ്റ് പോലെ മങ്ങി. മനസില്‍ അവൈവ ഫോണ്‍ പൊട്ടി തകര്‍ന്നു. മുനികുമാരി എങ്ങോ പോയി.. കണ്വന്‍ ഇതാ കോട്ടും സൂട്ടും ഇട്ട് മുന്നിലിരിക്കുന്നു.

‘അപ്പികളുടെ ഇംഗ്ലീഷുകള് തോനെ ശരി ആവാനുണ്ട്.. മലയാളി ആയത് കൊണ്ട് ഒരു ഉപകാരം ചെയ്യാം..ഒരു രണ്ട് മാസം കൊണ്ട് ബ്രിട്ട് നി സ്പിയേര്‍സ് പറയണ പോലെ ഇംഗ്ലീഷ് പറയിപ്പിക്കാം.. ജസ്റ്റ് ഒരു 20K ഇവിടെ അടച്ചാല്‍ മാത്രം മതി..’

ഇരുപതിനായിരം രൂപാ… രണ്ട് ജഴ്സി പശുക്കള്‍, അല്ലെങ്കില്‍ മൂന്നു നാല് ഉന്തു വണ്ടികള്‍.. അല്ലെങ്കില്‍ ഒരു വിസിറ്റിംഗ് വിസ. ഞാന്‍ ആ ഓഫര്‍ സ്നേഹ പൂര്വം നിരസിച്ചിട്ട് പുറത്തെക്ക് വന്നു.. കുറച്ച് കഴിഞ്ഞപ്പോള്‍ മുനികുമാരി ഇറങ്ങി വന്നു ‘ഇറങ്ങി പോടാ നായേ’ എന്ന് HR ഭാഷയില്‍ പറഞ്ഞു:

‘വീ വില്‍ ഗെറ്റ് ബാക്ക് റ്റു യൂ’

സമാനസംഭവങ്ങള്‍ പിന്നേയും ഉണ്ടായി.. താമസം വലിയ റൂമില്‍ നിന്നും മാറി സെര്‍വര്‍‍ റാക്ക് പോലത്തെ ഡോര്‍മിറ്ററിയിലേക്ക് മാറി, മെസ്സില്‍ നിന്നും മാറി ഭക്ഷണം ഇന്ത്യാന ഹോട്ടലിലെ പൊറോട്ടയും ഗ്രേവിയും ആയി. ബാംഗളൂരിലെ കല്യാണമണ്ഡപങ്ങളുടേയും സൗജന്യ അന്നദാന കേന്ദ്രങ്ങളുടെയും ലിസ്റ്റ് തയ്യാറാക്കി തുടങ്ങി. ഫെഡറല്‍ ബാങ്ക് അക്കൗണ്ട് ഫിനിന്‍ഷിംഗ് പോയിന്റിലേക്ക് എത്തി. വല്ല സ്വര്‍ണ മാലയോ മോതിരമോ വിറ്റ് ചെലവ് കഴിക്കേ ഗതികേട് ആയി. പക്ഷേ ഇതൊന്നു സ്വന്തമായി ഇല്ലാത്തതിനാലും തെലുങ്കന്മാരുടെ ഇടിക്കു സ്വല്പം ഹോഴ്സ് പവര്‍ കൂടുതലായതിനാലും ആ പരിപാടിയും ഉപേക്ഷിച്ചു. പക്ഷേ, അവസാനം ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് ഒരു ഐ ടി കമ്പനിയില്‍ ഫ്രഷര്‍ ആയി തന്നെ ജോലി കിട്ടി. അതെ, അത് ബാംഗളൂര്‍ ജീവിതത്തിലെ യുദ്ധകാണ്ഡത്തിന്റെ അവസാനമായിരുന്നു

Posted on: 14-12-2012 - 04:01 AM - by Chief Editor

Quick Links

vkn_small

Famous Personalities

Have a look at the profiles of these great personalities who MADE US feel and proud to our Pampady Desam.

Read More
thalappoli_smallimg

Festivals

Pampady Desam have traditionally preservers the art and culture of this land. Whether it is religious or social, traditional or modern, a festival here never complete without an art event.

Read More
map_img

Directory

what ever you need..shops, auto rikshaw, taxi, stay..all you get from here..

Read More
help_a_life

Help a life

Let us live as a guardian for the childrens who lives in Thannal Balasramam and Vilwadri Balasramam.

Read More
click Ad
Kodikoora pamapady desam
Download Close brochure-download-pampady-2019