view

ഹീറോ പേന

മഴ ഒന്നു കൂടി കനത്ത് പെയ്തു തുടങ്ങി. കര്‍ട്ടനില്ലാത്ത ഗ്ലാസ് ജനാലയിലൂടെ പുറത്തേക്ക് നോക്കി കിടന്നു. നല്ല ക്ഷീണമുണ്ടായിരുന്നിട്ടും ഉറക്കം വരാതെ പിടിച്ചിരുത്താന്‍ ഈ ജൂണ്‍ മാസ മഴയുടെ സൗന്ദര്യത്തിനായിരിക്കുന്നു. ആ സൗന്ദര്യത്തിനു മാറ്റ് കൂട്ടാനായി ഇടയ്ക്കിടെ ചാഞ്ഞിറങ്ങുന്ന കൊള്ളിയാനുകള്‍, അതിന്റെ ക്ഷണികവെളിച്ചത്തില്‍, ഒരായിരം വെള്ളിനൂലുകള്‍ ഭൂമിയെ ചുറ്റിവരിഞ്ഞു പുണരുന്നത് ഞാന്‍ കണ്ടു. ഓര്‍മകള്‍ ഓളങ്ങളായി മനസില്‍ അലയടിച്ചു. മംഗലാപുരത്തെ ഈ മഴയ്ക്ക് എന്നെ വര്‍ഷങ്ങളോളം പുറകേയ്ക്ക് കൊണ്ട് പോകാന്‍ കഴിഞ്ഞു, എന്റെ മഴയോടുള്ള പ്രണയം തുടങ്ങുന്നതിനും മുന്‍പിലുള്ള ഒരു മഴക്കാലത്തേക്ക്.

സ്കൂള്‍ തുറക്കുന്ന ദിവസം, ആറാം ക്ലാസിലേക്കുള്ള ആദ്യ ദിനം. രണ്ടു മാസത്തെ ആലസ്യത്തിനു ആക്കം കൂട്ടാനായി പതിവ് പോലെ മഴയുമെത്തി. തകര്‍ത്ത് പെയ്യുന്ന മഴയിലേക്ക് ഇടക്കിടെ നോക്കി കൊണ്ട് ഞാന്‍ ഇറയത്തിരുന്നു, എന്റെ അലുമിനിയം പെട്ടിയിലേക്ക് പുതിയ പുസ്തകങ്ങള്‍ നിറച്ച് തുടങ്ങി. നോട്ട് പുസ്തകങ്ങള്‍ ബ്രൗണ്‍ പേപ്പര്‍ കൊണ്ട് പൊതിഞ്ഞ് നെയിം സ്ലിപ്പുകളും ഒട്ടിച്ചിരുന്നു. ചേച്ചിയാണ് എല്ലാം ചെയ്ത് തന്നത്. നെയിം സ്ലിപ്പില്‍ പേര് എഴുതുന്നതിനു മുന്‍പ് തന്നെ വഴക്കുണ്ടാക്കിയത് കാരണം അത് മാത്രം നടന്നിട്ടില്ല, പതിയെ ചെയ്യണം. ചോറുപാത്രം കൂടി അകത്തേക്ക് വെച്ച ശേഷം പെട്ടി കൊളുത്തിട്ട് പൂട്ടി.

ഒന്‍പത് മണി കഴിഞ്ഞു, മഴയും കുറഞ്ഞു തുടങ്ങി. സ്കൂളിലേക്ക് ഇറങ്ങുന്നതിനു മുന്‍പ് ഒന്നു കൂടി പെട്ടി തുറന്നു, ഉണ്ണിമോനേയും ശ്രീക്കുട്ടനേയും ആശ്ചര്യപ്പെടുത്താനുള്ള ആ അമൂല്യവസ്തു പെട്ടിയിലുണ്ടെന്നു ഉറപ്പ് വരുത്തി. കഴിഞ്ഞ ദിവസം അച്ഛനോടൊപ്പം പോയി വാങ്ങിയ പച്ച ഹീറോ പേന. ഒരാഴ്ച മുന്‍പ് വാങ്ങി തരണമെന്നു പറഞ്ഞപ്പോള്‍ മാസാവസാനമാണെന്ന് അച്ഛന്‍ പറഞ്ഞതെന്തിനാണെന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല, എങ്കിലും ഇന്നലെ പേന കിട്ടി. ഒന്നാം സാറിന്റെ കയ്യിലിരിക്കുന്ന പോലത്തെ പച്ച നിറമുള്ള, എഴുതുമ്പോള്‍ കയ്യക്ഷരം നന്നാവുന്ന ഹീറോ പേന. കൂടെ ബ്രില്ലിന്റെ ഒരു കുപ്പി മഷിയും.

അകത്ത് മഞ്ഞ നിറത്തിലുള്ള പൂക്കളുള്ള സ്ഫടിക ചതുരപിടിയും തുണി ശീലയുമുള്ള കുടയും പിടിച്ച് ഞാന്‍ പടിപ്പുരയില്‍ നിന്നു. ചേച്ചിക്ക് ടൗണിലെ സ്കൂളിലേക്ക് മാറ്റം കിട്ടിയതോടെ ഇനി ഉണ്ണിമോനോടൊപ്പം ആണ് സ്കൂളില്‍ പോകേണ്ടത്. ഉണ്ണിമോനും സംഘവും എത്തിപ്പോയി. അങ്ങനെ ഞങ്ങള്‍ ആ യാത്ര തുടങ്ങി, വയലുകളും തോടുകളും മരപ്പാലങ്ങളും ചെമ്മണ്‍ പാതകളും കടന്നുള്ള ദൈനംദിന യാത്ര.

അവധിക്കാലത്ത് വറ്റിച്ച് വരാല്‍ മീനുകളെ പിടിച്ച തോടുകളില്‍ വെള്ളം നിറഞ്ഞു തുടങ്ങി. പൊടിമീനുകള്‍ നീന്തിത്തുടിക്കുന്നത് ചേമ്പിലക്കൂട്ടങ്ങള്‍ക്കിടയിലൂടെ കണ്ടു. പുല്‍നാമ്പുകള്‍ക്ക് ഇടയില്‍ പറ്റിയിരിക്കുന്ന ‘കണ്ണീര്‍’ തുള്ളി ഒന്നു രണ്ടെണ്ണം കിട്ടി. അതും കണ്ണില്‍ ചേര്‍ത്ത് പിടിച്ച് പിന്നെയും മുന്നോട്ട് നടന്നു, കാലം പുല്ല് വകഞ്ഞു മാറ്റിയുണ്ടാക്കിയ വഴികളിലൂടെ. വയല്‍ വരമ്പിന് സമാന്തരമായി ഒഴുകുന്ന കുഞ്ഞു തോട്ടിലൂടെ ചെരുപ്പ് ഒഴുക്കി വിട്ട് പുറകെ പാഞ്ഞ് ചെന്നു പിടിച്ചു. നമ്മേക്കാളും വേഗത്തില്‍ ഒരു നീര്‍പുളവന്‍ തോട്ടിലൂടെ പാഞ്ഞ് പോയതോടെ, അതും മതിയാക്കി കരയ്ക്ക് കയറി. ചെരുപ്പിന്റെ വള്ളയില്‍ അടിഞ്ഞു കൂടിയ പുല്ലുകള്‍ മാറ്റിക്കളഞ്ഞിട്ട് പിന്നെയും നടന്നു.

വയലുകളും തെങ്ങിന്‍ പുരയിടവും കഴിഞ്ഞ് പുറ്റ് പിടിച്ച് തുടങ്ങിയ തടി പാലത്തിലൂടെ മെയിന്‍ റോഡിലെത്തി. സ്കൂളിലെത്തിയിട്ട് വെളിപ്പെടുത്താനായി വെച്ചിരുന്ന സര്‍പ്രൈസ് ഇപ്പോള്‍ തന്നെ പറഞ്ഞാലും കുഴപ്പമില്ലെന്ന് എനിക്ക് തോന്നി. അടുത്ത് കണ്ട ഒരു പൈപ്പിനു മുകളില്‍ വെച്ച് പെട്ടി തുറന്നു. മഞ്ഞുതുള്ളികള്‍ പോലെ വെള്ളം പെട്ടിയുടെ മുകളില്‍ പറ്റിപ്പിടിച്ച് ഇരിപ്പുണ്ടായിരുന്നുവെങ്കിലും, അകത്തെ പുസ്തകങ്ങള്‍ ഭദ്രം. പെന്‍സില്‍ ബോക്സിനകത്ത് മഞ്ഞ വെല്‍ വെറ്റില്‍ പൊതിഞ്ഞ ആ അമൂല്യ സമ്പാദ്യം തെല്ലഭിമാനത്തോടെ പുറത്തെടുത്ത് കാണിച്ചു. ഈ പ്രായത്തില്‍ ആരും സ്വന്തമാക്കാന്‍ കൊതിക്കും വിധത്തിലുള്ള ഒരു സുന്ദരന്‍ പച്ച ഹീറോ പേന. ഉണ്ണിമോനും കൂട്ടരും അതൊന്നു കയ്യില്‍ തരാന്‍ പറഞ്ഞെങ്കിലും, ഞാന്‍ അതൊന്നു തൊട്ട് നോക്കാന്‍ മാത്രം കൊടുത്തു. പെട്ടെന്ന് ഒരു ഇരമ്പല്‍ ശബ്ദം, മഴ വീശിയടിച്ച് വരികയാണ്. പെട്ടെന്ന് തന്നെ എല്ലാം പെട്ടിയിലാക്കി, കുടയും പിടിച്ച് നടന്നു തുടങ്ങി. സ്കൂള്‍ എത്താറായി, അടപ്പിന് ശേഷം സ്കൂളിലെത്തുമ്പോള്‍ ഉണ്ടാകാറുള്ള, ആരും നിര്‍വചിച്ചിട്ടില്ലാത്ത മടിയും ഭയവും കുറച്ച് സന്തോവും കലര്‍ന്ന എന്തോ ഒരു അവസ്ഥ.

മഴ വീണ്ടും കുറഞ്ഞത് കാരണം അസംബ്ലി ഉണ്ടായിരുന്നു. ആ വര്‍ഷം മുതല്‍ യൂണിഫോം നിര്‍ബന്ധമാക്കിയിരുന്നെങ്കിലും യൂണിഫോമില്‍ വന്നത് ഒന്നോ രണ്ടോ പേര്‍ മാത്രം. അടുത്ത ആഴ്ച്ച മുതലെങ്കിലും യൂണിഫോം തയ്പ്പിച്ച് വരണമെന്ന് ഒന്നാം സാര്‍ പറഞ്ഞു. തിരികെ ക്ലാസിലെത്തി. അടുത്ത രണ്ട് പീരിയഡിലും പേന എടുത്ത് എന്തെങ്കിലും എഴുതാന്‍ അവസരമൊന്നും കിട്ടിയില്ല. മൂന്നാമത്തെ പീരിയഡ് ക്‍ളാസ് ടീച്ചര്‍ ടൈം ടേബിള്‍ എഴുതിയെടുക്കാന്‍ പറഞ്ഞു.ക്ലാസില്‍ ആദ്യമായി ഹീറോ പേന വെച്ച് എഴുതാനുള്ള ഭാഗ്യം എനിക്ക് കൈവരാന്‍ പോകുന്നു.പെന്‍സില്‍ ബോക്സ് തുറന്നപ്പോള്‍ നെഞ്ചില്‍ കൂടി ഒരു കൊള്ളിയാന്‍ കടന്നു പോയി, പേന അതിനകത്തില്ല, മഞ്ഞ വെല്‍വെറ്റ് തുണി അവിടെ തന്നെയുണ്ട്. നിക്കറിന്റെ പോക്കറ്റില്‍ തപ്പി നോക്കി, രണ്ടിലുമില്ല. പുതുതായി തയ്പ്പിച്ചതായത് കാരണം തുളകളുമില്ല, പോക്കറ്റില്‍. അടിവയറില്‍ നിന്നു ഒരു പെരുപ്പ്, ദേഹം തളരുന്നത് പോലെ തോന്നി. അതിനിടയില്‍ എങ്ങനെയോ അച്ഛന്റെ മുഖം പെട്ടെന്നു ഓര്‍മയില്‍ വന്നു. ഉണ്ണിമോന്റെ കൈയിലോ മറ്റോ പേന തന്നോ എന്നു ചോദിച്ചു, അവന്‍ കൈ മലര്‍ത്തി.

“എന്താ അജിത്, അവിടെ?” ടീച്ചര്‍ ദേഷ്യത്തില്‍ ചോദിച്ചു.

“ടീച്ചര്‍… പേന…” ഞാന്‍ കുറച്ച് വിറയാര്‍ന്ന സ്വരത്തില്‍ പറഞ്ഞു.

“ആദ്യ ദിവസം തന്നെ പേനയൊന്നും ഇല്ലാതെയാണല്ലെ.. ദേ ഈ മൂലയ്ക്ക് വന്നു നില്‍ക്കൂ…” ടീച്ചര്‍ പറഞ്ഞു.

മുന്‍പ് തയ്യല്‍ പീരിയഡില്‍ സൂചിയും നൂലും കൊണ്ട് വരാത്തതിനു മാത്രമെ മൂലയ്ക്കു നില്‍ക്കേണ്ടി വന്നിട്ടുള്ളൂ. ഉണ്ണിമോനും കൂട്ടരും എന്നെ നോക്കി എന്തോ പറഞ്ഞു അടക്കി പിടിച്ച് ചിരിക്കുന്നു. ഒരു താരത്തെ പോലെ ക്ലാസിലിരിക്കേണ്ട ഞാന്‍, തലയും കുനിച്ച് ക്ലാസിന്റെ മൂലയില്‍ നില്പായി.

നാലു മണിക്കു ബെല്ലടിച്ചപ്പോള്‍ ആദ്യം തന്നെ പുറത്തേക്ക് ഓടി ആ പൈപ്പിന്‍ ചോട്ടിലെത്തി. അവിടെയാകെ പരതി നടന്നു. ഇടയ്ക്കു പുല്ലുകള്‍ക്കിടയില്‍ കണ്ട തിളക്കം ഒരു ചാര്‍മിനാര്‍ സിഗരറ്റിന്റെ ഫോയിലിന്റേത് ആയിരുന്നു. പ്രതീക്ഷ കൈവിട്ട് വീട്ടിലേക്ക് നടന്നു, ഒറ്റയ്ക്ക്, എന്ത് കള്ളം പറയണമെന്നറിയാതെ. രാവിലത്തെ യാത്രയില്‍ കളകളാരവം മുഴക്കി ഒഴുകിയിരുന്ന കുഞ്ഞരുവികള്‍ നിശബ്ദമായി പതിയെ ഒഴുകുന്നു, എന്റെ മനസ് പോലെ.

വീട്ടിലെത്തി ഒന്നു കൂടി പെട്ടി പരിശോധിച്ചു, ഇല്ല, എങ്ങുമില്ല. എന്റെ പരിശോധനയില്‍ പന്തികേട് കണ്ട ചേച്ചിക്കു കാര്യം മനസിലായി, അമ്മയും അറിഞ്ഞു. അച്ഛന്‍ ഓഫീസില്‍ നിന്നും വന്നിരുന്നില്ല. അമ്മ എന്റെ അശ്രദ്ധയെ പറ്റി പറഞ്ഞു കൊണ്ടേയിരുന്നു. അച്ഛന്‍ വന്നപാടെ വിവരമറിഞ്ഞു, എന്നോട് ഒന്നും ചോദിച്ചില്ല, പെട്ടിയൊക്കെ നന്നായി തെരഞ്ഞോ എന്നു അമ്മയോട് തിരക്കി. പിന്നെയൊരിക്കലും ഹീറോ പേനയെ പറ്റി ചോദിക്കാന്‍ ധൈര്യം വന്നിട്ടില്ല, മാസത്തിന്റെ തുടക്കത്തില്‍ കൂടി. അതിനു ശേഷം ക്ലാസില്‍ പലരും ഹീറോ പേനയുമായി വന്നു, എനിക്കു മാത്രം അതിനു ഭാഗ്യം കീട്ടിയില്ല, എന്റെ കൈയ്യക്ഷരം നന്നായതുമില്ല.

പതിവിലും വലിയ ഒരു ഇടിനാദം എന്നെ ഓര്‍മകളില്‍ നിന്നും തിരികെ കൊണ്ട് വന്നു. മണി പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു. 6.30 നു തന്നെ അലാറം സെറ്റ് ചെയ്ത് വെച്ചു. രാവിലെ 7.15 നു ഉള്ള ആദ്യ ബസില്‍ തന്നെ പോകണം. ഒരു ചെറിയ നൊമ്പരത്തോടെ തിരിഞ്ഞ് കിടന്നു. അപ്പോള്‍ പുറത്തും മഴ കനത്ത് പെയ്യുന്നുണ്ടായിരുന്നു.

Posted on: 14-12-2012 - 03:46 AM - by Chief Editor

Quick Links

vkn_small

Famous Personalities

Have a look at the profiles of these great personalities who MADE US feel and proud to our Pampady Desam.

Read More
thalappoli_smallimg

Festivals

Pampady Desam have traditionally preservers the art and culture of this land. Whether it is religious or social, traditional or modern, a festival here never complete without an art event.

Read More
map_img

Directory

what ever you need..shops, auto rikshaw, taxi, stay..all you get from here..

Read More
help_a_life

Help a life

Let us live as a guardian for the childrens who lives in Thannal Balasramam and Vilwadri Balasramam.

Read More
click Ad
Kodikoora pamapady desam
Download Close brochure-download-pampady-2019